ഖത്തർ: ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക

featured GCC News

ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. 2022 നവംബർ 21-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലേക്ക് താഴെ പറയുന്ന സാധനങ്ങളുമായി പ്രവേശനം അനുവദിക്കുന്നതല്ല:

  • സ്ഫോടകവസ്തുക്കൾ, അവ അടങ്ങിയിട്ടുള്ള ഉപകരണങ്ങൾ.
  • രാഷ്ട്രീയ സന്ദേശങ്ങൾ ഉൾകൊള്ളുന്ന എല്ലാ വസ്തുക്കൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിന്ദ്യമായതും, വിവേചനപരമായതുമായ സന്ദേശങ്ങൾ ഉൾകൊള്ളുന്ന കൊടിതോരണങ്ങൾ, ബാനറുകൾ എന്നിവയ്ക്കും ഈ വിലക്ക് ബാധകമാണ്.
  • മടക്കി വെക്കാവുന്ന തരത്തിലുള്ള കസേരകൾ ഉൾപ്പടെയുള്ള വലിയ സാധനങ്ങൾ.
  • പൊടിരൂപത്തിലുള്ള എല്ല്ലാ പദാർത്ഥങ്ങളും (സ്വകാര്യ ആവശ്യത്തിനുള്ള മരുന്നുകൾ ഒഴികെ) നിരോധിച്ചിട്ടുണ്ട്.
  • ഫോട്ടോ, വീഡിയോ ഉപകാരണങ്ങൾക്കുള്ള മൗണ്ടുകൾ കൊണ്ടുവരുന്നതിന് അംഗീകൃത മാധ്യമപ്രവർത്തകർക്ക് മാത്രമാണ് അനുമതി.
  • ഭക്ഷണപാനീയങ്ങൾ (തീരെ ചെറിയ കുട്ടികൾക്കുള്ള ഭക്ഷണപാനീയങ്ങൾ, ആരോഗ്യപരമായ കാരണങ്ങളാൽ ആവശ്യമായ ഭക്ഷണപാനീയങ്ങൾ എന്നിവയ്ക്ക് വിലക്ക് ബാധകമല്ല).
  • പണിയായുധങ്ങൾ.
  • വിവിധ തരത്തിലുള്ള ചായങ്ങൾ.
  • ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകൾ, ആയോധനകലകളിൽ ഉപയോഗിക്കുന്ന രീതിയിലുള്ള പുറംചട്ടകൾ എന്നിവ.
  • വിവിധ രാസവസ്തുക്കൾ.
  • വാണിജ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ.
  • പേപ്പർ റോളുകൾ.
  • റേഡിയോ, ടിവി എന്നിവയുമായി ബന്ധപ്പെട്ട റെക്കോർഡിങ്ങ്, ട്രാൻസ്മിറ്റിംഗ് ഉപകരണങ്ങൾ (അംഗീകൃത മാധ്യമപ്രവർത്തകർക്ക് ബാധകമല്ല).
  • ഗ്ലൈഡറുകൾ, ഡ്രോൺ, പട്ടം എന്നിവ.
  • 100 മിലീലിറ്ററിൽ കൂടുതൽ ഭാരമുള്ള ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ. കുട്ടികൾക്കായുള്ള പാൽ ഒരു കുട്ടിയ്ക്ക് 1 ലിറ്റർ എന്ന അളവിൽ കുപ്പിയിൽ കരുതുന്നതിന് അനുമതിയുണ്ട്.
  • ലേസർ ഉപകരണങ്ങൾ, ലൈറ്റ്, മെഗാഫോൺ തുടങ്ങിയ ഉപകരണങ്ങൾ.
  • എല്ലാ തരത്തിലുള്ള ആയുധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
  • വളർത്ത് മൃഗങ്ങൾ (ഗൈഡ് ഡോഗ് ഒഴികെ).
  • ബാൾ, ഫ്രിസ്‌ബി, സൈക്കിൾ, റോളർസ്‌കേറ്റ്, സ്കെറ്റ്ബോർഡ്, ഇലക്ട്രിക്ക് സ്കൂട്ടർ മുതലായവ.
  • വലിയ ശബ്ദം പുറപ്പെടുവിക്കുന്ന സംഗീതോപകരണങ്ങൾ.
  • 2 x 1.5 മീറ്ററിലും കൂടുതൽ വലിപ്പമുള്ള കൊടി, ബാനർ, പോസ്റ്റർ എന്നിവ. നിരോധിക്കപ്പെട്ടിട്ടുളള ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കൊടി, ബാനർ, പോസ്റ്റർ എന്നിവ.
  • വലിയ അളവിൽ മരുന്നുകൾ കൈവശം വെക്കുന്നതിന് അനുമതിയില്ല. പരമാവധി ഏഴ് മരുന്നുകളുടെ ഓരോ പായ്ക്ക് വീതമാണ് കൈവശം വെക്കുന്നതിന് അനുമതി.
  • കുപ്പികൾ, സ്പ്രേ ചെയ്യുന്ന ബോട്ടിലുകൾ തുടങ്ങിയവ.
  • പെട്ടന്ന് കത്താനിടയുള്ള വസ്തുക്കൾ, ലൈറ്റർ, തീപ്പെട്ടി മുതലായവ.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.

ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ 2022 നവംബർ 19-ന് ആരംഭിച്ചിട്ടുണ്ട്. ഫുട്ബാൾ ആരാധകർക്ക് ഒത്ത് ചേർന്ന് ലോകകപ്പ് ആവേശം പങ്കിടുന്നതിന് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി അവസരമൊരുക്കുന്നു.