മുംബൈ : ശബ്ദമാധുര്യംകൊണ്ട് ലോകശ്രദ്ധയാർജ്ജിച്ച അതീവ പ്രതിഭ, സംഗീതം കൊണ്ട് മനസ്സുകൾ കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ഭാരതരത്നം ലത മങ്കേഷ്ക്കർ (92) അന്തരിച്ചു. മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ലതാജി എന്ന് ആരാധകര്‍ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങള്‍ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം 2001-ല്‍ നല്കി രാജ്യം ആദരിച്ചു.
ഭൗതികശരീരം ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെ വസതിയിലെത്തിക്കും. വൈകീട്ട് 6.30 ന് ശിവാജി പാർക്കിലാണ് സംസ്ക്കാരം.
“ജബ് പ്യാർ കിയാ ത്തോ ഡർന്നാ ക്യാ…”; 1960-ൽ പുറത്തിറങ്ങിയ “മുഗൾ-ഇ-അസം” എന്ന സിനിമയിലെ ഈ ഗാനം കേൾക്കാത്തവർ ചുരുക്കം. കാലഘട്ടങ്ങൾ മാറിമറിഞ്ഞാലും ആ ശബ്ദം നല്കുന്ന തെളിമയും, മാധുര്യവും ഇന്നും മനസ്സിൽ അലയടിക്കുന്നു. നല്ല സംഗീതവും ആസ്വാദനവും നിലനില്‍ക്കുന്നിടത്തോളം ആ മധുരശബ്ദവും നിലനില്ക്കും എന്നതിൽ തർക്കമില്ല. 1974-ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ “കദളീ കൺകദളി ചെങ്കദളീ പൂവേണോ…” എന്ന മലയാളം ഗാനവും ഈ ശബ്ദത്തിലൂടെയാണ് ലോകം കേട്ടത്…
അനശ്വര ശബ്ദമാധുര്യത്തിന് മുൻപിൽ പ്രവാസി ഡെയ്ലിയുടെ പ്രണാമം.