യു എ ഇ: ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററുമായി ബന്ധപ്പെട്ട് പ്രത്യേക സ്മാരക നാണയം പുറത്തിറക്കി

UAE

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) ഒരു പ്രത്യേക സ്മാരക നാണയം പുറത്തിറക്കി. വെള്ളിയിൽ തീർത്ത ഈ നാണയം ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററുമായി ചേർന്നാണ് CBUAE പുറത്തിറക്കിയിരിക്കുന്നത്.

ഈ പ്രത്യേക സ്മാരക നാണയങ്ങളുടെ ആകെ 1971 പതിപ്പുകളാണ് CBUAE പുറത്തിറക്കിയിരിക്കുന്നത്. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നതിനായാണ് ഈ സ്മാരക നാണയത്തിലൂടെ CBUAE ലക്ഷ്യമിടുന്നത്.

ഓരോ നാണയത്തിനും നാല്പത് ഗ്രാം തൂക്കമുണ്ട്. ഈ നാണയത്തിന്റെ മുൻവശത്ത് ഷെയ്ഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രം, അദ്ദേഹത്തിന്റെ അനശ്വര വചനമായ ‘യൂണിയൻ എന്നത് എന്റെ ആത്മാവിലും, ഹൃദയത്തിലും ജീവിക്കുന്നു, എന്റെ ഹൃദയത്തിന് ഏറെ പ്രിയപ്പെട്ടതാണത്.’, എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. നാണയത്തിന്റെ പിറക് വശത്ത് ഷെയ്ഖ് സായിദ്‌ ഗ്രാൻഡ് മോസ്‌ക്കിന്റെ ചിത്രം, ‘ഇയർ ഓഫ് ദി 50’ എന്ന വാചകം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

WAM