ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്മദ് ബിൻ മുഹമ്മദ് അൽ സൈദി ഓഗസ്റ്റ് 26-ലെ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ വ്യക്തത നൽകി. ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകളും, ഒമാനിലെ വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കുത്തിവെപ്പുകൾക്കുപയോഗിച്ചിട്ടുള്ള വാക്സിനുകളും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
ഈ അറിയിപ്പ് പ്രകാരം ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ:
- ഫൈസർ ബയോഎൻ ടെക് (Pfizer BioNTech).
- ഓക്സ്ഫോർഡ് ആസ്ട്രസെനേക (Oxford AstraZeneca).
- സ്പുട്നിക് (Sputnik).
- സിനോവാക് (Sinovac).
- മോഡർന (Moderna).
- ജോൺസൻ ആൻഡ് ജോൺസൻ (Johnson & Johnson).
- സിനോഫാം (Sinopharm).
- കോവിഷീൽഡ് ആസ്ട്രസെനേക (Covishield AstraZeneca).
മേല്പറഞ്ഞ വാക്സിനുകൾ ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഒമാൻ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇവയെല്ലാം ഒമാനിലെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിൽ ഉപയോഗിക്കുന്ന COVID-19 വാക്സിനുകൾ:
- ഫൈസർ ബയോഎൻ ടെക് (Pfizer BioNTech).
- ഓക്സ്ഫോർഡ് ആസ്ട്രസെനേക (Oxford AstraZeneca).
- കോവിഷീൽഡ് ആസ്ട്രസെനേക (Covishield AstraZeneca).
സെപ്റ്റംബർ 1 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവർ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് (ഒമാൻ അംഗീകരിച്ചിട്ടുള്ള ഒറ്റ ഡോസ് വാക്സിൻ ആണെങ്കിൽ അതിന്റെ ഒരു ഡോസ് കുത്തിവെപ്പ്) 14 ദിവസം പൂർത്തിയാക്കിയിരിക്കണം.