ഖത്തർ എന്ന രാജ്യത്തിന്റെ പ്രാദേശിക പാരമ്പര്യം, ചരിത്രപരമായ പൈതൃകം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലുസൈൽ ട്രാം സ്റ്റേഷനുകൾ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി. ലുസൈൽ ട്രാം സ്റ്റേഷനുകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഖത്തറിന്റെ പ്രാദേശികത്തനിമ വെളിപ്പെടുത്തുന്ന മൂന്ന് ഘടകങ്ങൾ ഉൾക്കൊണ്ടാണ് ട്രാം സ്റ്റേഷനുകളുടെ അകത്തളങ്ങൾ ഉൾപ്പടെ രൂപകല്പന ചെയ്തിരിക്കുന്നത്.
ഖത്തറിലെ പരമ്പരാഗത കരകൗശല തുണിത്തരങ്ങളിലും, പ്രാദേശിക കെട്ടിടങ്ങളുടെ ജനലുകളിലെ ചായമടിച്ച ചില്ലുകളിലും ഉപയോഗിക്കുന്ന വിവിധ വർണ്ണങ്ങളാണ് ട്രാം സ്റ്റേഷനുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
സ്റ്റേഷനുകൾ അലങ്കരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന ചിത്രപ്പണികൾ ഖത്തറിലെ വീടുകളുടെയും, മജ്‌ലിസുകളുടെയും, കൊട്ടാരങ്ങളുടെയും ചുമരുകളിൽ ദൃശ്യമാകുന്ന ജിപ്സം കൊത്തുപണികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു.
ഇതോടൊപ്പം ഖത്തറിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകൾ, ഗോപുരങ്ങൾ മുതലായവയിൽ കണ്ട് വരുന്ന കളിമൺ രചനകൾ, ജ്യാമിതീയമായ അലങ്കാരങ്ങൾ മുതലായവയും ഈ ട്രാം സ്റ്റേഷനുകളുടെ ചുമരുകളിലും, തറകളിലും ദർശിക്കാവുന്നതാണ്.
ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1, ശനിയാഴ്ച്ചയാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ആദ്യ ഘട്ടത്തിൽ ഓറഞ്ച് ലൈനിലെ ആറ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടാണ് ലുസൈൽ ട്രാം സർവീസ് പ്രവർത്തിപ്പിക്കുന്നത്.