രണ്ടാമത് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 13-ന് ആരംഭിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മനാമ ഗോൾഡ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ നടന്ന് വരുന്നതായി അതോറിറ്റി അറിയിച്ചു. ഏപ്രിൽ 13 മുതൽ മെയ് 27 വരെയാണ് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 സംഘടിപ്പിക്കുന്നത്.
സൂഖ് അൽ മനാമയിലെ മുന്നൂറിലധികം സ്വർണ്ണാഭരണശാലകളുടെ പങ്കാളിത്തത്തോടെയാണ് ഈ മേള ഒരുക്കുന്നത്. വിനോദസഞ്ചാരികൾക്കിടയിലും, സന്ദർശകർക്കിടയിലും സൂഖ് അൽ മനാമയെ ഒരു പ്രമുഖ ആകർഷണകേന്ദ്രമാക്കിമാറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ മേള സംഘടിപ്പിക്കുന്നത്.
സ്വർണ്ണ വ്യവസായ മേഖലയിൽ ബഹ്റൈനിനുള്ള പാരമ്പര്യം, സൂഖ് അൽ മനാമയ്ക്കുള്ള പ്രാധാന്യം എന്നിവ ഈ മേള എടുത്ത് കാട്ടുന്നു. ഇതിനൊപ്പം മേഖലയിലെ സ്വർണ്ണ വ്യവസായ മേഖലയിൽ ആദ്യമായി കൃത്യമായ നിയമങ്ങൾ, കയറ്റുമതി ക്രമങ്ങൾ എന്നിവ ഏർപ്പെടുത്തിയ രാജ്യം എന്ന നിലയിൽ ബഹ്റൈനിനുള്ള പ്രാധാന്യവും ഈ മേളയിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഈ മേളയുടെ ഭാഗമായി ആഴ്ചതോറുമുള്ളതും, ദിനംപ്രതിയുള്ളതുമായ നിരവധി സമ്മാനപദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈനി സ്വർണ്ണ വ്യവസായത്തിന്റെ ചരിത്രം, പ്രാധാന്യം എന്നിവ വെളിപ്പെടുത്തുന്ന പ്രത്യേക കലാപ്രദർശനങ്ങൾ, ഗോൾഡ് മ്യൂസിയം, പ്രത്യേക മാർക്കറ്റ്, തത്സമയ സംഗീത പരിപാടികൾ മുതലായവ ഈ മേളയുടെ ഭാഗമായി ഒരുക്കുന്നതാണ്.
Cover Image: Pixabay.