ഒമാൻ: പൊതുഇടങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പ്

featured Oman

രാജ്യത്തെ പൊതു ഇടങ്ങളിൽ ബഹളമുണ്ടാക്കുകയും, അസ്വസ്ഥത ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2024 മാർച്ച് 25-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പൊതു ഇടങ്ങളിൽ അനാവശ്യമായി വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാക്കുക, ബഹളം വെക്കുക, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവ ഉപയോഗിക്കുക എന്നിവയെല്ലാം ഈ മുന്നറിയിപ്പിന്റെ പരിധിയിൽ വരുന്നതാണ്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ പീനൽ കോഡിലെ ആർട്ടിക്കിൾ ‘294/C’ പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

പൊതു ഇടങ്ങളിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ, മറ്റുള്ളവരെ പേടിപ്പെടുത്തുന്നതോ ആയ ശബ്ദങ്ങൾ ഉണ്ടാക്കുക, അല്ലെങ്കിൽ പ്രവർത്തികൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മൂന്ന് മാസം വരെ തടവും, 300 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.