ഒമാൻ: താഴ്ന്ന പ്രദേശങ്ങൾ, ജലാശയങ്ങൾ, തീരദേശമേഖലകൾ എന്നിവ ഒഴിവാക്കാൻ ജാഗ്രതാ നിർദ്ദേശം

Oman

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ താഴ്‌വരകൾ, താഴ്‌ന്നപ്രദേശങ്ങൾ, ജലാശയങ്ങൾ, തീരദേശമേഖലകൾ എന്നിവ ഒഴിവാക്കാൻ ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് (NCEM) ജാഗ്രതാ നിർദ്ദേശം നൽകി.

2021 ഒക്ടോബർ 3, ഞായറാഴ്ച്ച രാവിലെയാണ് NCEM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങളോട് ജാഗ്രത പുലർത്താനും, വീടുകളിൽ തുടരാനും NCEM ആവശ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും, താഴ്‌വരകൾ, ജലാശയങ്ങൾ എന്നിവ മുറിച്ച് കടക്കുന്നതിന് ശ്രമിക്കരുതെന്നും NCEM മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Live Updates:

  • സ്ഥാപനങ്ങൾക്ക് വിദൂര സമ്പ്രദായത്തിലുള്ള പ്രവർത്തനം തുടരാൻ അനുമതി

    രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാർക്ക് ആവശ്യമെങ്കിൽ വിദൂര സമ്പ്രദായത്തിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകുന്നതിന് അനുവാദം നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടായിട്ടുള്ള വിവിധ പ്രതിസന്ധികൾ കണക്കിലെടുത്താണ് ഈ തീരുമാനം.

    ഒക്ടോബർ 4 തിങ്കളാഴ്ച്ച വൈകീട്ട് ഒമാൻ സമയം 2.16-നാണ് തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. ചുഴലിക്കാറ്റിനാൽ ബാധിക്കപ്പെട്ട ജീവനക്കാർക്ക് അവരുടെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് വരെ തങ്ങളുടെ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിന് അനുവദിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാർക്ക് ആവശ്യമെങ്കിൽ ശമ്പളത്തോട് കൂടിയ അടിയന്തിര അവധി അനുവദിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

  • ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം അവസാനിച്ചു

    ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് ഒമാനിൽ നേരിട്ട് അനുഭവപ്പെട്ടിരുന്ന പ്രഭാവം അവസാനിച്ചതായി ഒമാൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഒക്ടോബർ 4 തിങ്കളാഴ്ച്ച വൈകീട്ട് ഒമാൻ സമയം 3.23-നാണ് ഒമാൻ വ്യോമയാന വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

    നിലവിൽ ന്യൂനമർദ്ദത്തിന്റെ കേന്ദ്രം സൗദി അതിർത്തിയോട് ചേർന്ന് തെക്ക് പടിഞ്ഞാറൻ അൽ ദഹിറാഹ് ഗവർണറേറ്റിലെത്തിയതായും, ഒമാനിൽ ഇതുമൂലം ഉണ്ടായിട്ടുള്ള സ്വാധീനം കുറയുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

  • കാറ്റിന്റെ ശക്തി കുറയുന്നതായി CAA

    കര തൊട്ടതോടെ കാറ്റിന്റെ തീവ്രത നേരിയ രീതിയിൽ കുറഞ്ഞതായും ഷഹീൻ ചുഴലിക്കാറ്റിനെ, കൊടുങ്കാറ്റ് എന്ന രീതിയിലേക്ക് താഴ്ത്തിയതായും ഒക്ടോബർ 1-ന് രാത്രി ഒമാൻ സമയം 1 മണിക്ക് CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

    കാറ്റിന്റെ വേഗം 55 മുതൽ 63 നോട്ട് വരെ അനുഭവപ്പെടുന്നതായും, നോർത്ത്, സൗത്ത് ബത്തീന ഗവർണറേറ്റുകളിൽ കനത്ത മഴയും (200-500 mm), ശക്തിയായ കാറ്റും തുടരുമെന്നും CAA അറിയിപ്പിൽ വ്യക്തമാക്കുന്നു. അൽ ദഹിരാ, അൽ ബുറൈമി, അൽ ദാഖിലിയ തുടങ്ങിയ ഇടങ്ങളിൽ 100 മുതൽ 300 mm വരെ മഴയ്ക്ക് സാധ്യതയുണ്ട്. മസ്കറ്റ്, സൗത്ത് ശർഖിയ, മുസന്ദം മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും CAA വ്യക്തമാക്കി.

  • ഷഹീൻ ചുഴലിക്കാറ്റ് കര തൊട്ടു

    2021 ഒക്ടോബർ 3-ന് രാത്രി 8.30-ന് ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം മുസന്ന, സുവൈഖ് വിലായത്തുകൾക്കിടയിൽ കര തൊട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

  • ഷഹീൻ ചുഴലിക്കാറ്റ് ഒക്ടോബർ 3-ന് വൈകീട്ട് 6-നും, 9-നും ഇടയിൽ കര തൊടുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിപ്പ്

    ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോൾ (ഒക്ടോബർ 3 ഒമാൻ സമയം ഉച്ചയ്ക്ക് 2.15) മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് 65 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ടെന്ന് ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് അറിയിച്ചു. മുസന്ന വിലായത്തിൽ നിന്ന് 110 കിലോമീറ്ററും, സോഹാർ വിലായത്തിൽ നിന്ന് 190 കിലോമീറ്റർ അകലത്തിലുമാണ് ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്നത്.

    ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഒക്ടോബർ 3-ന് വൈകീട്ട് 6-നും, 9-നും ഇടയിൽ കര തൊടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഈ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗത്തിന് ഏതാണ്ട് 11 മുതൽ 14 കിലോമീറ്റർ വരെ വിസ്തൃതിയുണ്ട്.

    മസ്കറ്റിൽ മഴ തുടരുമെന്നും, ചുഴലിക്കാറ്റ് കര തൊടുന്ന മേഖലയോട് ചേർന്ന് കിടക്കുന്ന നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന എന്നിവിടങ്ങളിൽ കനത്ത മഴയും, അതിശക്തമായ കാറ്റും അനുഭവപ്പെടുമെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കര തൊടുന്നതോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയാൻ ഇടയുണ്ടെന്ന് അതോറിറ്റി സൂചിപ്പിച്ചു.

  • മസ്കറ്റ് വിമാനത്താവളം: പുനഃക്രമീകരിച്ച വിമാന സർവീസുകളുടെ സമയക്രമം ഒമാൻ എയർപോർട്ട്സ് ആപ്പിലൂടെ ലഭ്യമാണ്

    മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തുടരുന്നതായും, ഏതാനം വിമാനസർവീസുകൾ പുനഃക്രമീകരിച്ചതായും ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ഒക്ടോബർ 3-ന് ഒമാൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ഒമാൻ എയർപോർട്ട്സ് ഇക്കാര്യം അറിയിച്ചത്.

    മോശം കാലാവസ്ഥ കണക്കിലെടുത്ത് ഏതാനം വിമാനസർവീസുകൾ പുനഃക്രമീകരിച്ചതായും, ഇത് സംബന്ധിച്ച വിവരങ്ങൾ, പുതുക്കിയ സമയക്രമം എന്നിവ ഒമാൻ എയർപോർട്ട്സ് ആപ്പിലൂടെ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നവർ തങ്ങളുടെ താമസയിടങ്ങളിൽ നിന്ന് എയർപോർട്ടിലേക്കുള്ള റോഡുകളിലെ സുരക്ഷ സംബന്ധിച്ച് അധികൃതർ നൽകുന്ന അറിയിപ്പുകൾ പരിശോധിക്കണമെന്നും ഒമാൻ എയർപോർട്ട്സ് കൂട്ടിച്ചേർത്തു.

  • മസ്കറ്റ് ഗവർണറേറ്റ്: മസ്‌കറ്റ് എക്സ്പ്രസ്സ് വേ ഒഴികെയുള്ള റോഡുകൾ അടച്ചു

    ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി മസ്കറ്റ് ഗവർണറേറ്റിലെ ഒരു റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടച്ചതായി ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് അറിയിച്ചു.

    ഈ തീരുമാനം ഷഹീൻ ചുഴലിക്കാറ്റ് കടന്ന് പോകുന്നത് വരെ തുടരുന്നതാണ്. അടിയന്തിര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടവർക്ക് ഗവർണറേറ്റിലെ മസ്‌കറ്റ് എക്സ്പ്രസ്സ് വേ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

    നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന എന്നീ ഗവർണറേറ്റുകളിൽ അടിയന്തിര സാഹചര്യങ്ങളിലൊഴികെയുള്ള എല്ലാ ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

    ജനങ്ങളോട് വീടുകളിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വരും മണിക്കൂറുകളിൽ കനത്ത മഴയും അതിശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

  • സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് അടച്ചു

    സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഏതാനം ഭാഗങ്ങൾ അടച്ചതായി ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് (NCEM) അറിയിച്ചു. ഖുറം പാലം മുതൽ അൽ സഹ്വ ടവർ വരെയുള്ള ഭാഗമാണ് അടച്ചത്.

    ഒക്ടോബർ 3-ന് രാവിലെ ഒമാൻ സമയം 10:48-നാണ് ഈ അറിയിപ്പ് ലഭിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ മേഖലയിൽ ഗതാഗതം അനുവദിക്കില്ല.

    മസ്കറ്റ് ഹൈവേയിലേക്ക് യാത്ര ചെയ്യുന്നവർ മറ്റു റോഡുകൾ ഉപയോഗപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

  • മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെയുള്ള വ്യോമയാന സേവനങ്ങൾ നിർത്തിവെച്ചു

    മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നീട്ടിവെച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

    ഒക്ടോബർ 3, ഞായറാഴ്ച്ച രാവിലെ ഒമാൻ സമയം 10:22-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നീട്ടിവെച്ചതായും, ചുഴലിക്കാറ്റിന്റെ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം ഈ സർവീസുകൾ മറ്റൊരു സമയക്രമത്തിലേക്ക് പുനഃക്രമീകരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

  • മസ്കറ്റ്, സൗത്ത് അൽ ബത്തീന ഗവർണറേറ്റുകളിൽ കനത്ത മഴ; ഷഹീൻ ചുഴലിക്കാറ്റ് മസ്കറ്റിൽ നിന്ന് 60 കിലോമീറ്റർ ദൂരെയെത്തി

    ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം മസ്കറ്റ് സൗത്ത് അൽ ബത്തീന ഗവർണറേറ്റുകളിൽ കനത്ത മഴയുടെ രൂപത്തിൽ അനുഭവപ്പെട്ടു തുടങ്ങി. ഒക്ടോബർ 3, ഞായറാഴ്ച്ച രാവിലെ 10 മണി വരെ ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം മസ്കറ്റ് സിറ്റിയിൽ 152.4 ml, അൽ അമീറത്തിൽ 117.2 ml, ബൗഷറിൽ 51.4 ml എന്നിങ്ങനെ മഴ രേഖപ്പെടുത്തിയതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

    കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോൾ (ഒക്ടോബർ 3 ഒമാൻ സമയം രാവിലെ 10) മസ്കറ്റിൽ നിന്ന് വടക്കുകിഴക്ക്‌ മാറി 60 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗത്ത് 116 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് അനുഭവപ്പെടുന്നത്.

    വരും മണിക്കൂറുകളിൽ നോർത്ത് അൽ ബത്തീന, അൽ ദഹിറാഹ്, അൽ ദാഖിലിയ, അൽ ബുറൈമി മുതലായ ഗവർണറേറ്റുകളിൽ 200 മുതൽ 500 mm വരെ മഴ ലഭിക്കാമെന്നും, 45 മുതൽ 60 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.