ഒമാൻ: പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ നിർത്തലാക്കിയതായുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി

featured Oman

രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കുള്ള അനുമതി താത്‌കാലികമായി നിർത്തലാക്കിയതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി. 2022 ജനുവരി 2-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത 2020 മാർച്ചിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ സംബന്ധിച്ച പഴയ രേഖകൾ അടിസ്ഥാനമാക്കി വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി.

കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകൾ പിന്തുടരാൻ ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.