ഏതാനം തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി നിർമ്മിച്ചവയാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി. ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും MoFA പുറത്തിറക്കിയിട്ടില്ലെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഹൗസ് മെയ്ഡ്, വെയ്റ്റർ, ലൗണ്ടറി ജീവനക്കാർ, വെൽഡർ, കാർപെന്റർ തുടങ്ങിയ വിവിധ തസ്തികകളിൽ ഒമാനിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് അനുമതിയില്ലാ എന്ന തരത്തിലുള്ള ഒരു സന്ദേശമാണ് കഴിഞ്ഞ ഏതാനം ദിനങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നത്.
“ഏതാനം തൊഴിൽമേഖലകളിലെ പ്രവാസികൾക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചു എന്ന തരത്തിലുള്ള വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം ഒരു വിവരം വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അറിയിച്ചിട്ടില്ല എന്ന് ഈ അറിയിപ്പിലൂടെ വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”, ഈ കിംവദന്തി നിഷേധിച്ച് കൊണ്ട് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പുറത്തിറക്കിയ അറിയിപ്പിലൂടെ MoFA വ്യക്തമാക്കി.