അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ ഷാതിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു. ഈ കൂടിക്കാഴ്ചയിൽ, ഡോ. ജയ്ശങ്കറിന്റെ സന്ദർശനത്തെ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്വാഗതം ചെയ്തു.
യു.എ.ഇ.യുടെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങളും, യു എ ഇയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കുമുള്ള ആശംസകളും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പുരോഗമിക്കുന്നതിനും വികസിക്കുന്നതിനുമുള്ള ആശംസകളും ഡോ. ജയ്ശങ്കർ മുഹമ്മദ് ബിൻ സായിദിനെ അറിയിച്ചു. H.H. ഷെയ്ഖ് മുഹമ്മദ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് തന്റെ ആശംസകൾ അറിയിക്കുകയും സൗഹൃദപരമായ ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ വികസനത്തിനും വളർച്ചയ്ക്കും ആശംസകൾ നേരുകയും ചെയ്തു.
യു എ ഇയുടെ ദേശീയ ദിനത്തിന് ആശംസകൾ നേർന്നതിന് പ്രധാനമന്ത്രി മോദിയോട് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു. H.H. ഷെയ്ഖ് മുഹമ്മദും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും യു എ ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ദൃഢമാക്കുന്ന സഹകരണവും സംയുക്ത പ്രവർത്തനവും ചർച്ച ചെയ്തു. വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും പൊതുവായ താൽപ്പര്യമുള്ള സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി.
യു എ ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എയർപോർട്ട് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി മുഹമ്മദ് ഹമ്മദ് അൽ ഷംസി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.
WAM