വിവിധ രാജ്യങ്ങളിൽ അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന മങ്കിപോക്സ് സാഹചര്യത്തെ നിലവിൽ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. 2022 ജൂൺ 25-നാണ് WHO ഇക്കാര്യം അറിയിച്ചത്.
നിലവിൽ ഈ സാഹചര്യത്തെ ക്രമാനുഗതമായി വളർന്ന് കൊണ്ടിരിക്കുന്ന ഒരു ഭീഷണിയായാണ് WHO കണക്കാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്റോസ് അദനോം ഗെബ്രിയാസിസ് വ്യക്തമാക്കി. നിരീക്ഷണം ശക്തമാക്കാനും, രോഗബാധിതരുടെ സമ്പർക്കപ്പട്ടികയിലുള്ളവരിൽ പരിശോധനകൾ ഊർജ്ജിതമാക്കാനും അദ്ദേഹം ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
രോഗബാധ മൂലം ആരോഗ്യ സ്ഥിതി അപകടകരമാകാൻ ഇടയുള്ള വിഭാഗങ്ങൾക്ക് വാക്സിനുകളുടെയും, ചികിത്സാ സൗകര്യങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും അദ്ദേഹം സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ മങ്കിപോക്സ് ഉയർത്തുന്ന ഭീഷണി വിശകലനം ചെയ്യുന്നതിനായി WHO എമർജൻസി കമ്മിറ്റി യോഗം വിളിച്ച് ചേർത്തിരുന്നു. നിലവിൽ അമ്പതിലധികം രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് മൂവായിരത്തോളം പേർക്ക് ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
WAM