ഇന്ത്യയിൽ നിന്നുള്ള സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ ഫസ്റ്റ് എയർവേസ് എന്നീ വിമാനക്കമ്പനികൾ മസ്കറ്റിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. 2022 ഏപ്രിൽ 28-നാണ് വിവിധ ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകളെ സ്വാഗതം ചെയ്ത് കൊണ്ട് ഒമാൻ എയർപോർട്ട്സ് ഇക്കാര്യം അറിയിച്ചത്.
2022 ഏപ്രിൽ 26 മുതൽ സ്പൈസ് ജെറ്റ് അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് ഈ അറിയിപ്പിലൂടെ വ്യക്തമാക്കുന്നു. അഹമ്മദാബാദിൽ നിന്ന് മസ്കറ്റിലേക്ക് ആഴ്ച്ച തോറും 3 സർവീസുകളാണ് സ്പൈസ് ജെറ്റ് നടത്തുന്നത്.
2022 ഏപ്രിൽ 25 മുതൽ മുംബൈ, കൊച്ചി എന്നീ നഗരങ്ങളിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസുകൾ പുനരാരംഭിച്ചതായും ഒമാൻ എയർപോർട്ട്സ് അറിയിച്ചിട്ടുണ്ട്. ഈ നഗരങ്ങളിൽ നിന്ന് ദിനവും ഒരു സർവീസ് വീതമാണ് ഇൻഡിഗോ മസ്കറ്റിലേക്ക് നടത്തുന്നത്.
ഇതിന് പുറമെ, 2022 മാർച്ച് 27 മുതൽ രണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഗോ ഫസ്റ്റ് എയർവേസ് മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസുകൾ നടത്തുന്നുണ്ടെന്നും ഒമാൻ എയർപോർട്ട്സ് കൂട്ടിച്ചേർത്തു. മുംബൈ, കണ്ണൂർ എന്നീ നഗരങ്ങളിൽ നിന്ന് ആഴ്ച്ച തോറും മൂന്ന് സർവീസുകൾ വീതമാണ് ഗോ ഫസ്റ്റ് എയർവേസ് മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നടത്തുന്നത്.