2022-ൽ 14.36 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023 ഫെബ്രുവരി 5-ന് വൈകീട്ടാണ് ദുബായ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. 2022-ൽ ആഗോളതലത്തിൽ തന്നെ ഹോട്ടൽ മുറികളുടെ ഏറ്റവും ഉയർന്ന ബുക്കിംഗ് രേഖപ്പെടുത്തിയ ഇടങ്ങളിൽ ദുബായ് സ്ഥാനം പിടിച്ചതായും അധികൃതർ വ്യക്തമാക്കി.
“ടൂറിസം മേഖലയിൽ വലിയ തോതിലുള്ള വളർച്ച രേഖപ്പെടുത്തുന്നതിൽ ദുബായ് കാഴ്ചവെക്കുന്ന മികവ്, ആഗോളതലത്തിൽ തന്നെ വിനോദസഞ്ചാര മേഖലയിൽ മുന്നിട്ട് നിൽക്കുന്നതിന് എമിറേറ്റിനെ പ്രാപ്തമാക്കുന്ന. എല്ലാ പ്രധാനമേഖലകളിലും എമിറേറ്റിനെ ഏറ്റവും മുൻപന്തിയിൽ എത്തിക്കുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ ദർശനങ്ങളെ സാധൂകരിക്കുന്നതാണ് ഈ നേട്ടം.”, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
2021-നെ അപേക്ഷിച്ച് 2022-ൽ സന്ദർശകരുടെ എണ്ണത്തിൽ 97 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ൽ ആകെ 7.28 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്.
COVID-19 മഹാമാരിയ്ക്ക് മുൻപായി 2019-ൽ എമിറേറ്റിൽ രേഖപ്പെടുത്തിയ 16.73 ദശലക്ഷം വിദേശ സന്ദർശകർ എന്ന നേട്ടത്തോടടുക്കുന്നതിനും 2022-ൽ ദുബായ് ടൂറിസം മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്.
ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തിയിരുന്നു.