ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 95 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകർ പങ്കെടുക്കും

featured GCC News

2022 നവംബർ 2 മുതൽ ആരംഭിക്കാനിരിക്കുന്ന നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF) 95 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകർ പങ്കെടുക്കും.

SIBF സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി 2022 ഒക്ടോബർ 12-ന് ഷാർജ റിസേർച്ച് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ വെച്ച് മേളയുടെ സംഘാടകർ നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. SIBF 2022-ൽ 95 രാജ്യങ്ങളിൽ നിന്നുള്ള 2213 പ്രസാധകർ പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ H.E. അഹ്‌മദ്‌ ബിൻ റക്കാദ് അൽ അമീരി ഈ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ആഗോളതലത്തിലുള്ള പ്രസാധകരുടെ പങ്കാളിത്തം കൊണ്ട് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയ്‌റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകമേളയായിരിക്കും ഈ വർഷത്തേതെന്ന് അദ്ദേഹം അറിയിച്ചു. ഏതാണ്ട് ഒന്നര ദശലക്ഷത്തിലധികം പുസ്തകങ്ങൾ മേളയിൽ അവതരിപ്പിക്കുന്നതാണ്.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള 2022 നവംബർ 2 മുതൽ പന്ത്രണ്ട് ദിവസം (നവംബർ 13 വരെ) നീണ്ട് നിൽക്കുന്നതാണ്. അമ്പത്തേഴ് രാജ്യങ്ങളിൽ നിന്നുള്ള 129 എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവർ പങ്കെടുക്കുന്ന ആയിരത്തിലധികം പരിപാടികളും പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. ഇറ്റലിയാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ലെ പ്രധാന അതിഥി രാജ്യം.

SIBF-നൊപ്പം സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് പബ്ലിഷേഴ്‌സ് കോൺഫെറെൻസിൽ മുപ്പതിലധികം വിദഗ്‌ധർ പങ്കെടുക്കുന്നതാണ്. ഒക്ടോബർ 30 മുതൽ നവംബർ 1 വരെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ സമ്മേളനത്തിൽ പുസ്തകപ്രസാധന മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികൾ, അറബ് ലോകത്തെ ഡിജിറ്റൽ പ്രസാധനത്തിന്റെ ഭാവി, ഓഡിയോ പുസ്തകങ്ങളുടെ ഭാവി വില്പനയിടങ്ങൾ മുതലായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.

SIBF 2022-ന്റെ ഭാഗമായി പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ, കലാകാരൻമാർ തുടങ്ങിയവർ പങ്കെടുക്കുന്ന ഇരുനൂറോളം സാംസ്‌കാരിക പരിപാടികൾ അരങ്ങേറുമെന്ന് മേളയുടെ ജനറൽ കോഓർഡിനേറ്റർ ഖൗല അൽ മുജിനി അറിയിച്ചു. മേളയിലെ മുഖ്യാതിഥി എന്ന നിലയിൽ ഇറ്റലി 17 സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

‘സ്പ്രെഡ് ദി വേർഡ്’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ഈ ആശയം ശ്രേഷ്ഠമായ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് സാംസ്‌കാരിക ആശയവിനിമയത്തിനുള്ള പാലങ്ങളായി വർത്തിക്കുന്നതിനുള്ള വാക്കുകളുടെ പ്രാപ്തിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.