യു എ ഇ: ഒരു കാറിൽ ഒരേ കുടുംബത്തിൽ നിന്നുള്ള മൂന്നിലധികം പേർക്ക് സഞ്ചരിക്കാം

Family & Lifestyle GCC News

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സമൂഹ അകലം പാലിക്കുന്നതിനായി നിലവിലുള്ള, ഒരു കാറിൽ 3 പേർ മാത്രം എന്ന നിബന്ധന, ഒരേ കുടുംബാംഗങ്ങൾ സഞ്ചരിക്കുമ്പോൾ ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒരു കുടുംബത്തിലെ തന്നെ മൂന്നിലധികം പേർക്ക് ഒരേ വാഹനത്തിൽ സഞ്ചരിക്കാമെന്നും, ഇത്തരത്തിൽ സഞ്ചരിക്കുന്നവരിൽ നിന്ന് പിഴ തുക ഈടാക്കില്ലെന്നും യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ പോലീസ് ഡിപ്പാർട്‌മെന്റുകൾ അറിയിച്ചു.

ഈ നിയമം യു എ ഇയിലെ എല്ലാ എമിറേറ്റുകളിലും ബാധകമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു കാറിൽ മൂന്ന് പേരിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നതിന് നിലവിൽ 1000 ദിർഹമാണ് പിഴ ചുമത്തുന്നത്. ഒരേ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയവർക്ക്, ഒരുമിച്ച് യാത്രചെയ്യുമ്പോൾ ഈ പിഴതുകകൾ ബാധകമല്ലെന്ന് ദുബായ് പോലീസ് ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂഇ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒന്നിലധികം കുട്ടികൾ ഉള്ളവർക്ക് വീടുകളിൽ അവരെ തനിച്ചാക്കി പുറത്ത് പോകേണ്ട സാഹചര്യം കൂടി കണക്കിലെടുത്താണ് കുടുംബാംഗങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക ഇളവുകൾ അനുവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ഇളവുകൾ എല്ലാ എമിറേറ്റിലും ബാധകമാണെന്നും, മൂന്നിൽ കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന വാഹനങ്ങളെ സംബന്ധിച്ചുള്ള പിഴ നടപടികൾ ഓരോ വാഹനങ്ങളുടെയും വ്യത്യസ്ത സാഹചര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തീരുമാനിക്കുക എന്നും ഷാർജ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് സിരി അൽ ഷംസി അറിയിച്ചു. മൂന്നിലധികം പേരുമായി സഞ്ചരിക്കുന്ന ടാക്‌സികൾ, മറ്റു കാറുകൾ എന്നിവക്ക് 1000 ദിർഹം പിഴ ഈടാക്കുമെന്നും, എന്നാൽ ഒരേ കുടുംബാംഗങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ പിഴ ചുമത്തുന്നതല്ല എന്നും അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.