2023 നവംബർ 12-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച നാലാമത് ദുബായ് റൈഡിൽ മുപ്പത്തയ്യായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു. ദുബായ് ഫിറ്റ്നസ് ചലഞ്ച് 2023-ന്റെ ഭാഗമായാണ് ദുബായ് റൈഡ് സംഘടിപ്പിച്ചത്.
ദുബായ് നഗരത്തിലെ പ്രധാന വീഥിയെ 12 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്കാക്കി മാറ്റിയ ദുബായ് റൈഡ് യു എ ഇ പൗരന്മാരുടെയും, പ്രവാസികളുടെയും, സന്ദർശകരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ സൈക്ലിംഗ് പരിപാടിയാണ് ദുബായ് റൈഡ്.
ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകളാണ് ഒരുക്കിയിരുന്നത്. ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്ജ്, ദുബായ് മാൾ, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ സൈക്ലിംഗ് ട്രാക്കുകൾ ഒരുക്കിയിരുന്നത്.
ദുബായ് വേൾഡ് ട്രേഡ് സെന്റർ മുതൽ സഫ പാർക്ക് വരെ 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും ദുബായ് റൈഡിൽ പങ്കെടുത്ത സൈക്കിളോട്ടക്കാർക്ക് ഹരം പകർന്നു. ദുബായ് റൈഡ് 2023-ന്റെ ഭാഗമായ മുപ്പത്തയ്യായിരത്തിലധികം സൈക്കിളോട്ടക്കാർ ചേർന്ന് ആകെ 546,000 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചു.
ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു.
WAM