റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ ഉംറ തീർത്ഥാടകരും, വിശ്വാസികളും ഉൾപ്പടെ ഒന്നര ദശലക്ഷം പേർ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തിയതായി അധികൃതർ വ്യക്തമാക്കി. ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്സ് ഇക്കാര്യം അറിയിച്ചതായി സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ സമൂഹ അകലം ഉൾപ്പടെ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് തീർത്ഥാടകർക്കും, വിശ്വാസികൾക്കും ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിനായി തയ്യാറാക്കിയ മാനദണ്ഡങ്ങൾ സുഗമമായ രീതിയിൽ ഗ്രാൻഡ് മോസ്കിലെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിന് സഹായമായതായി അധികൃതർ കൂട്ടിച്ചേർത്തു. പ്രായമായവർക്കും, ശാരീരിക പ്രശ്നങ്ങളുള്ളവർക്കുമായി പ്രത്യേക നടപ്പാതകൾ ഒരുക്കിയതും തിരക്ക് നിയന്ത്രിക്കുന്നതിന് ഏറെ സഹായകരമായി.
‘Eatmarna’ ആപ്പിലൂടെ തീർത്ഥാടനത്തിനായി അനുവദിച്ച് കിട്ടുന്ന സമയക്രമം കൃത്യമായി പാലിക്കാൻ അധികൃതർ ഉംറ തീർത്ഥാടകരോട് ആവശ്യപ്പെട്ടു. തീർത്ഥാടകരോട് മാസ്കുകൾ ഉപയോഗിക്കാനും, സമൂഹ അകലം കർശനമായി പാലിക്കാനും അധികൃതർ ആഹ്വാനം ചെയ്തു.