സൗദി അറേബ്യ: മെയ് 9 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 9, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

https://twitter.com/NCMKSA/status/1654083060059500545

2023 മെയ് 4-ന് വൈകീട്ടാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം, 2023 മെയ് 5, വെള്ളിയാഴ്ച മുതൽ മെയ് 9 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

ഈ കാലയളവിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കാമെന്നും, പേമാരി, ആലിപ്പഴം പൊഴിയൽ എന്നീ പ്രതിഭാസങ്ങൾ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അസിർ, അൽ ബാഹ, ജിസാൻ, നജ്‌റാൻ, മക്കയുടെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദിന്റെ വിവിധ മേഖലകൾ, ഈസ്റ്റേൺ റീജിയൻസ്, ഖാസിം മേഖല തുടങ്ങിയ ഇടങ്ങളിൽ ഞായറാഴ്ച മുതൽ ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, തബൂക് തുടങ്ങിയ ഇടങ്ങളിൽ ശനി, ഞായർ ദിനങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിന് സാധ്യതയുണ്ടെന്നും, ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: Saudi Press Agency.