നിലവിലെ സാഹചര്യത്തിൽ, രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകൾ നടപ്പിലാക്കുന്നത് അപകടകരമാണെന്ന് ഖത്തർ നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും, ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ വ്യക്തമാക്കി. വരും ദിനങ്ങളിൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് കൂടുതൽ യാത്രികർ മടങ്ങിയെത്തുന്നതിനാലും, ഖത്തറിലും മറ്റു രാജ്യങ്ങളിലും കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിനാലും ഇത്തരം ഇളവുകൾ അനുവദിക്കുന്നതിന് നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 5-ന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈദ് അവധിക്ക് ശേഷം രോഗവ്യാപനത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും, കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനെടുക്കുന്നവരുടെ എണ്ണം ഉയർന്നതും, രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചതും കണക്കിലെടുത്താണ് COVID-19 നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിൽ, 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ നാലാം ഘട്ടത്തിലെ ഇളവുകളിലേക്ക് പൂർണ്ണമായും കടക്കുന്നതിന് നിലവിൽ ഖത്തറിലെ സാഹചര്യങ്ങൾ അനുകൂലമല്ലെന്ന് അറിയിച്ച അദ്ദേഹം, മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഓഗസ്റ്റ് മാസത്തിൽ തുടരുമെന്നും വ്യക്തമാക്കി.
രാജ്യത്ത് 2021 ജൂലൈ 9 മുതൽ നടപ്പിലാക്കിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടത്തിലെ തീരുമാനങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരുമെന്ന് ജൂലൈ 29-ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം 2021 ജൂലൈ 30 മുതൽ നടപ്പിലാക്കാനിരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ നാലാം ഘട്ടം താത്കാലികമായി നീട്ടിവെക്കാനും, നിലവിലെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരാനും മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൽ പടിപടിയായി ഒഴിവാക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതലും, രണ്ടാം ഘട്ടം ജൂൺ 18 മുതലും, മൂന്നാം ഘട്ടം 2021 ജൂലൈ 9 മുതലും ഖത്തർ നടപ്പിലാക്കിയിരുന്നു. മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി ഖത്തറിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://pravasidaily.com/qatar-cabinet-approves-3rd-phase-easing-of-covid-19-restrictions-from-july-9-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
Cover Photo: Qatar MoPH Twitter.