ഖത്തർ: ഏപ്രിൽ 11 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്ക് QR ടിക്കറ്റ് നിർബന്ധമാക്കുന്നു; കർവ ബസ് ആപ്പിലൂടെ ടിക്കറ്റ് സൗജന്യമായി ലഭിക്കും

Qatar

2022 ഏപ്രിൽ 11 മുതൽ ദോഹ മെട്രോയുടെ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സൗജന്യ QR ടിക്കറ്റ് നിർബന്ധമാക്കുന്നതായി മൊവാസലാത് അറിയിച്ചു. 2022 ഏപ്രിൽ 9-നാണ് മൊവാസലാത് ഈ അറിയിപ്പ് നൽകിയത്.

ഈ QR ടിക്കറ്റ് കർവ ബസ് ആപ്പിൽ നിന്ന് സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണെന്ന് മൊവാസലാത് വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിൽ നിന്ന് ഒരു തവണ ഡൌൺലോഡ് ചെയ്യുന്ന മെട്രോ ലിങ്ക് QR ടിക്കറ്റ് തുടർന്നുള്ള എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഉപയോഗിക്കാവുന്നതാണ്.

മെട്രോലിങ്ക് QR ടിക്കറ്റ് നേടുന്നതിനുള്ള നടപടികൾ:

  • ഫോണിൽ കർവ ബസ് ആപ്പ് ഇൻസ്റ്റാൽ ചെയ്യുക. തുടർന്ന് ഈ ആപ്പിലേക്ക് ലോഗിൻ ചെയ്യുക.
  • മെട്രോലിങ്ക് ബസ് സേവനം ഉപയോഗിക്കുന്നതിന് മുൻപായി ആപ്പിൽ നിന്ന് ‘Download an E-Ticket’ എന്ന സേവനം തിരഞ്ഞെടുക്കുക. ഇത് ഒറ്റത്തവണ മാത്രം ചെയ്യേണ്ട നടപടിയാണെന്നും, ഒരു തവണ ലഭിക്കുന്ന ടിക്കറ്റ് തുടർന്നുള്ള എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
  • ടിക്കറ്റ് ഡൗൺലോഡ് നടപടി പൂർത്തിയാക്കിയ ശേഷം ആപ്പിലെ ‘Metro Link QR Ticket’ എന്ന സേവനം തിരഞ്ഞെടുക്കുക.
  • ഇപ്പോൾ ആപ്പിൽ സ്വർണ്ണ വർണ്ണത്തിലുള്ള ഒരു QR കോഡിന്റെ രൂപത്തിൽ നിങ്ങളുടെ മെട്രോ ലിങ്ക് ടിക്കറ്റ് കാണാവുന്നതാണ്.
  • മെട്രോലിങ്ക് ബസുകളിൽ കയറുകയും, ഇറങ്ങുകയും ചെയ്യുന്ന അവസരത്തിൽ ഈ QR ടിക്കറ്റ് ബസിലെ QR കോഡ് റീഡർ സംവിധാനത്തിലൂടെ സ്കാൻ ചെയ്യേണ്ടതാണ്.
  • ആപ്പിലെ ഹോം സ്‌ക്രീനിൽ നിന്നും, ആപ്പിലെ കാർഡ് മാനേജ്‌മന്റ് സ്‌ക്രീനിൽ നിന്നും ഈ QR ടിക്കറ്റ് എടുക്കാവുന്നതാണ്.