ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി പുറത്തിറക്കിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻസിപ്പാലിറ്റി ഈ തീരുമാനം അറിയിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് ജൂലൈ 17 മുതൽ ജൂലൈ 29 വരെയുള്ള ദിനങ്ങളിൽ രാവിലെ 5 മണിമുതൽ വൈകീട്ട് 3 വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ ഈ കാലയളവിൽ ഈദുൽ അദ്ഹയുടെ ആദ്യ മൂന്ന് ദിനങ്ങളിലും, വെള്ളിയാഴ്ച്ചകളിലും മാർക്കറ്റ് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മാർക്കറ്റിലേക്കെത്തുന്ന വ്യാപാരികൾ ഗേറ്റ് നമ്പർ ഒന്നിലൂടെ പ്രവേശിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്ന് ടണ്ണിന് മുകളിൽ ഭാരമുള്ള ട്രക്കുകൾ, മറ്റു വാഹനങ്ങൾ മുതലായവയ്ക്കും ഈ നിർദ്ദേശം ബാധകമാണ്. ഉപഭോക്താക്കൾക്കായി മാർക്കറ്റിനകത്തും, പുറത്തുമുള്ള വാഹന പാർക്കിംഗ് പ്രവർത്തിക്കുന്നതാണ്.