മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ തുറക്കാൻ അനുവദിച്ച പശ്ചാത്തലത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഈ അറിയിപ്പ് പുറത്തിറക്കിയത്.
മസ്കറ്റ് ഗവർണറേറ്റിലെ വാണിജ്യ കേന്ദ്രങ്ങളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്ക് മുൻസിപ്പാലിറ്റി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
- ഇത്തരം ഭക്ഷണശാലകളിലെ സ്വീകരണ മുറികളിൽ പരമാവധി ശേഷിയുടെ 50 ശതമാനം ഉപഭോക്താക്കൾക്ക് മാത്രമാണ് അനുമതി നൽകുന്നത്.
- കൃത്യമായ ഇടവേളകളിൽ അണുനശീകരണ നടപടികൾ നടപ്പിലാക്കേണ്ടതാണ്.
- അണുനശീകരണ നടപടികളുടെയും, ശുചീകരണ പ്രവർത്തനങ്ങളുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
- ഉപഭോക്താക്കൾക്ക് കൈകൾ ശുചിയാക്കുന്നതിനായി സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
- കസേരകൾ ഉൾപ്പടെ അണുവിമുക്തമാക്കുന്നതിനായി ജീവനക്കാരെ ഏർപ്പെടുത്തേണ്ടതാണ്.
- 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കുന്നതിനായുള്ള അടയാളങ്ങൾ പതിക്കേണ്ടതാണ്.
- ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഇടങ്ങളിലും കസേരകൾ തമ്മിൽ മതിയായ അകലം ഉറപ്പാക്കേണ്ടതാണ്.
- ഒരു മേശയിൽ പരമാവധി 4 പേരെ മാത്രമാണ് ഇരുത്താൻ അനുവാദം.
ഒമാനിലെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി തുറക്കുന്ന സിനിമാശാലകളിലും, പാർക്കുകളിലുമെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ സംബന്ധിച്ചും മസ്കറ്റ് മുൻസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.