അബുദാബി: റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി പോലീസ്

featured GCC News

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. 2024 മാർച്ച് 26-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റോഡുകളുടെ നടുവിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ, ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ, ടയർ പൊട്ടിയ വാഹനങ്ങൾ എന്നിവ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം വാഹനങ്ങൾ റോഡുകളിൽ നിന്ന് തൊട്ടരികിലുള്ള സുരക്ഷിതമായ സ്ഥാനത്തേക്ക് ഉടൻ തന്നെ നീക്കം ചെയ്യണമെന്നും, മറ്റു വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വാഹനം നിർത്തിയിടരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനം റോഡിൽ നിന്ന് സ്വയം നീക്കം ചെയ്യാനാകാത്ത സാഹചര്യങ്ങളിൽ ഡ്രൈവർമാർ 999 എന്ന നമ്പർ ഉപയോഗിച്ച് കൊണ്ട് ഉടൻ തന്നെ കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിൽ നിന്ന് ആവശ്യമായ സഹായം ഉറപ്പാക്കുന്നതാണ്.

ഡ്രൈവർമാർ അബുദാബി പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിന്റെ സഹായം തേടുന്നത് ട്രാഫിക് തടസം ഒഴിവാക്കുന്നതിനും, അപകടം നടന്ന സ്ഥലത്തെ തടസങ്ങൾ നീക്കം ചെയ്യുന്നതിനും സഹായകമാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനം ബ്രേക്ക്ഡൌൺ ആകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ റോഡിന്റെ വലത് വശത്തുള്ള ഷോൾഡറിലേക്ക് മാറ്റേണ്ടതും, നാല് വശത്തേയും സിഗ്നലുകൾ തെളിയിക്കേണ്ടതുമാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ഇത്തരം വാഹനങ്ങളുടെ പുറകിൽ റിഫ്ളക്ടീവ് എമെർജൻസി ട്രയാങ്കിൾ സ്ഥാപിക്കേണ്ടതാണ്. ഇത്തരത്തിൽ കേടായി കിടക്കുന്ന വാഹനത്തിൽ യാത്രികർ ഇരിക്കുന്നതും, റോഡിൽ നിൽക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മതിയായ കാരണങ്ങൾ കൂടാതെ റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് 1000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുമെന്ന് അബുദാബി പോലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്.