മാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2023 നവംബർ 23-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് ഈ അറിയിപ്പിലൂടെ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പിക്നിക് ഇടങ്ങൾ, ക്യാമ്പുകൾ എന്നിവിടങ്ങളിൽ മാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുതെന്നും, ഇവ നിർമ്മാർജ്ജനം ചെയ്യുന്നതിനായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം ലംഘനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് അലക്ഷ്യമായി നിക്ഷേപിച്ച മാലിന്യം കൃത്യമായ ഇടങ്ങളിൽ നിർമ്മാർജ്ജനം ചെയ്യുന്നതിന് ഒരു ദിവസത്തെ സമയം അനുവദിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.