യു എ ഇയിൽ രാജ്യവ്യാപകമായി, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കി വന്നിരുന്ന ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) ജൂൺ 24-നു അറിയിച്ചു. ജൂൺ 24-ലെ കൊറോണാ വൈറസ് അവലോകന പത്രസമ്മേളനത്തിലാണ് NCEMA വക്താവ് ഡോ. സൈഫ് അൽ ദഹിരി ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്. രാജ്യവ്യാപകമായി, നാഷണൽ ഡിസിൻഫെക്ഷൻ പ്രോഗ്രാം പൂർത്തിയായതായും, ഇതുമായി ബന്ധപ്പെട്ട് യു എ ഇയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ഇന്നലെ രാത്രി മുതൽ അവസാനിച്ചതായും ഡോ. അൽ ദഹിരി വ്യക്തമാക്കി.
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പടെ, എല്ലാ പൊതു ഇടങ്ങളിലും, അണുനശീകരണ നടപടികൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. എന്നാൽ പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി പൊതുഇടങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും ശുചീകരണ നടപടികളും, അണുവിമുക്തമാക്കുന്നതും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണുനശീകരണ യജ്ഞവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന വിവിധ യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു. 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകൾ, റെസ്റ്ററന്റുകൾ മുതലായ ഇടങ്ങൾ സന്ദർശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു. എന്നാൽ പൊതുജനങ്ങൾ സുരക്ഷയെ മുൻനിർത്തി ജാഗ്രത പുലർത്തണമെന്നും, സമൂഹ അകലം, മാസ്കുകൾ, കയ്യുറകൾ എന്നിവയുടെ ഉപയോഗം മുതലായ മുൻകരുതലുകൾ കർശനമായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങൾ വലിയ രീതിയിൽ കൂട്ടം കൂടുന്ന എല്ലാ നടപടികൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരേ കുടുംബത്തിൽ നിന്നുള്ളവർ അല്ലാതെ സഞ്ചരിക്കുന്ന കാറുകളിൽ മൂന്ന് പേരിൽ കൂടുതൽ അനുവദിക്കില്ല എന്ന നിയന്ത്രണം തുടരും. എന്നാൽ ഈ നിയന്ത്രണം കുടുംബങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ബാധകമല്ല. ഇത്തരം നിയന്ത്രണങ്ങൾ പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.
അണുനശീകരണ യജ്ഞം പൂർത്തിയായതുമായി ബന്ധപ്പെട്ട് യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച്ച പാടില്ലെന്നും, ഇവ പാലിക്കാത്തവർക്കെതിരെ സമൂഹസുരക്ഷ മുൻനിർത്തി, നിയമ നടപടികൾ എടുക്കുമെന്നും ഡോ. അൽ ദഹിരി വ്യക്തമാക്കി. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യത്ത് ഏർപ്പെടുത്തിയ നിയമങ്ങളും, പിഴ ശിക്ഷകളും നിലനിൽക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. ഈ പ്രതിസന്ധിഘട്ടങ്ങളിൽ പൊതുസമൂഹത്തിനിടയിൽ കൊറോണാ വൈറസ് ബോധവത്കരണത്തിൽ വലിയ പങ്ക് വഹിച്ച മാധ്യമങ്ങളോട് അത് തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു.