യു എ ഇയിലേക്ക് പ്രവേശിക്കാൻ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽ നിന്നുള്ള PCR റിസൾട്ട് ഉപയോഗിക്കാമെന്ന് NCEMA

GCC News

യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ, സർക്കാർ അംഗീകൃത ലാബുകളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. NCEMA-യും, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ICA) സംയുക്തമായാണ് ഈ തീരുമാനം കൈകൊണ്ടത്. നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡന്റ് വിസകളിലുള്ളവർക്ക് കുടംബാംഗങ്ങളോടൊപ്പം തിരികെയെത്തുന്നതിനുള്ള സൗകര്യം പരമാവധി പേരിലേക്ക് എത്തിക്കുന്നതിനായാണ് ഈ തീരുമാനം.

യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലോ, നഗരങ്ങളിലോ യു എ ഇ അംഗീകൃത COVID-19 ടെസ്റ്റിംഗ് ലാബുകൾ ഇല്ലെങ്കിൽ, അതാത് രാജ്യങ്ങളിലെ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് യു എ ഇയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്, എത്തിഹാദ്, എമിറേറ്റ്സ് മുതലായ വിമാന കമ്പനികൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് NCEMA ഈ വിഷയത്തിൽ വ്യക്തത നൽകിയത്.

യു എ ഇയിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവർ അനുവാദത്തിനായി ICA വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണമെന്നും NCEMA അറിയിച്ചിട്ടുണ്ട്. അതിനു ശേഷം യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ, സർക്കാർ അംഗീകൃത ലാബുകളിൽ നിന്നും, യാത്ര ചെയ്യുന്നതിന് മുൻപ്, 96 മണിക്കൂറിനുള്ളിൽ ലഭിച്ച PCR പരിശോധനാ ഫലങ്ങൾ വിമാനകമ്പനികൾക്ക് നൽകാവുന്നതാണ്.

രാജ്യത്ത് മടങ്ങിയെത്തുന്നവർ യു എ ഇയിൽ നിലവിലുള്ള എല്ലാ ആരോഗ്യ സുരക്ഷാ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്നും NCEMA വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം, ആരോഗ്യ പരിശോധന, അൽ ഹൊസൻ COVID-19 ട്രാക്കിങ്ങ് ആപ്പിന്റെ ഉപയോഗം, മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവയെല്ലാം രാജ്യത്ത് പ്രവേശിക്കുന്നവർക്ക് നിർബന്ധമാണ്.