യു എ ഇ: ഷഹീൻ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതായി NCEMA

GCC News

രാജ്യത്ത് അനുഭവപ്പെട്ടിരുന്ന ഷഹീൻ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതായി യു എ ഇ നാഷണൽ ക്രിസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. ഒക്ടോബർ 4-ന് വൈകീട്ടാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് അധികൃതർ പൂർണ്ണസജ്ജരായിരുന്നെന്ന് NCEMA വ്യക്തമാക്കി. അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചതിന് പൊതുജനങ്ങളെ NCEMA അഭിനന്ദിച്ചു. ഒക്ടോബർ 4-ന് വൈകീട്ട് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ NCEMA വക്താവ് ഡോ. താഹിർ അൽ അമീരിയാണ് ഇക്കാര്യം അറിയിച്ചത്.

ഷഹീൻ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായും, അത് ഒരു ന്യൂനമർദ്ദമായി മാറിയതായും യു എ ഇ കാലാവസ്ഥാ കേന്ദ്രം (NCM) സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഈ ന്യൂനമർദ്ദം തെക്കൻ മേഖലകളിലേക്ക് നീങ്ങിയതായും NCM അറിയിച്ചു. ഒമാൻ കടലിന്റെ തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ദമാണെന്നും, വലിയ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും NCM ചൂണ്ടിക്കാട്ടി.

അൽ ഐൻ മേഖലയിൽ മഴയ്ക്ക് സാധ്യതയുള്ളതായും, കിഴക്കന്‍ മേഖലകളിൽ കാറ്റിന് സാധ്യതയുള്ളതായും NCM അറിയിച്ചിട്ടുണ്ട്.