ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കും

GCC News

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ 3 മുതൽ അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകൾ ഒഴികെയുള്ള ഇടങ്ങളിൽ COVID-19 വാക്സിനേഷൻ നടപടികൾ താത്‌കാലികമായി നിർത്തിവെച്ചിരുന്നു.

എന്നാൽ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം ഒമാനിൽ അവസാനിച്ചതോടെ COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 4-ന് രാത്രിയാണ് വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ സേവന മേഖലയിലെ ജനറൽ ഡയറക്ടറേറ്റുകൾ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകിയത്.

സൗത്ത് ശർഖിയ ഗവർണറേറ്റിൽ ഒക്ടോബർ 5 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കും

സൗത്ത് ശർഖിയ ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ ഒക്ടോബർ 5 മുതൽ പുനരാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.

ദാഖിലിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് ഒക്ടോബർ 6 മുതൽ വാക്സിൻ നൽകും

ഗവർണറേറ്റിലെ പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് ഒക്ടോബർ 6, 7 തീയതികളിൽ നൽകുമെന്ന് ദാഖിലിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ രണ്ടാം ഡോസാണ് ഇത്തരത്തിൽ നൽകുന്നത്.

മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ ഒക്ടോബർ 7 മുതൽ പുനരാരംഭിക്കും

ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ ഒക്ടോബർ 7 മുതൽ പുനരാരംഭിക്കുമെന്ന് മസ്കറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, കോസ്റ്റ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഒക്ടോബർ 7 മുതൽ വാക്സിനേഷൻ പുനരാരംഭിക്കുന്നതാണ്.

മസ്കറ്റ് ഗവർണറേറ്റിൽ ഒക്ടോബർ 3-6 വരെയുള്ള തീയതികളിൽ വാക്സിനെടുക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ലഭിച്ചിട്ടുള്ളവർക്ക് വാക്സിൻ നൽകുന്നത് ഒക്ടോബർ 7 മുതൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.