ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നീരജ് ചോപ്രയിലൂടെ ഇന്ത്യ ആദ്യ വെള്ളി മെഡൽ കരസ്ഥമാക്കി. 2022 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ഇതോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം എന്ന നേട്ടവും നീരജ് ചോപ്ര കൈവരിച്ചു. ഫൈനലിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളി മെഡൽ നേടിയത്.
90.54 മീറ്റർ ദൂരം കണ്ടെത്തിയ നിലവിലെ ചാമ്പ്യൻ കൂടിയായ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേർസ് സ്വർണ്ണ മെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള യാക്കൂബ് വാഡ്‌ലക്കിനാണ് (88.09 മീറ്റർ) വെങ്കലമെഡൽ.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ നേട്ടമാണിത്. 2003-ലെ പാരീസ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംപിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമായിരുന്നു ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏക മെഡൽ നേട്ടം.
നീരജ് ചോപ്രയിലൂടെ ടോക്യോ ഒളിംപിക്സിൽ ഇന്ത്യ ആദ്യ സ്വർണ്ണമെഡൽ കരസ്ഥമാക്കിയിരുന്നു. ഒളിംപിക്സ് അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ എന്ന നേട്ടവും ടോക്യോ ഒളിംപിക്സിൽ നീരജ് ചോപ്ര കൈവരിച്ചിരുന്നു.
Cover Image: Athletics Federation of India. (@afiindia)