മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രികരായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു

featured India News

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിലേക്ക്, ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്നതിനായി മാത്രം നേപ്പാളിലേക്ക് സഞ്ചരിക്കുന്നവർ, 2021 ഏപ്രിൽ 28 മുതൽ ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതാണെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഏപ്രിൽ 28 മുതൽ നേപ്പാളിലൂടെ ട്രാൻസിറ്റ് യാത്രികരായെത്തുന്ന വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നേപ്പാളിലെ ആരോഗ്യ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും, ഇമ്മിഗ്രേഷൻ അധികൃതരും തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യൻ എംബസി ഇത്തരം ഒരു നിർദ്ദേശം നൽകിയത്.

ഏപ്രിൽ 27-നാണ് നേപ്പാളിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രലയവും ഇത്തരം ഒരു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള യു എ ഇ, സൗദി അറേബ്യ, ഒമാൻ, ഓസ്ട്രേലിയ മുതലായ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കൊഴിവാക്കുന്നതിനായി ഇന്ത്യക്കാർ നേപ്പാളിലൂടെ ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്ന പശ്ചാത്തലത്തിലാണ് നേപ്പാൾ അധികൃതർ ഇവർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

“മൂന്നാമതൊരു രാജ്യത്തേക്ക് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നതിനായി ഉദ്ദേശിച്ച് കൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കും, ത്രിഭുവൻ ഇന്റർനാഷണൽ വിമാനത്താവളത്തെ ട്രാൻസിറ്റ് എയർപോർട്ട് എന്ന രീതിയിൽ ലക്ഷ്യമിട്ടും എത്തുന്ന യാത്രികർക്കും 2021 ഏപ്രിൽ 28 അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നേപ്പാൾ ഇമ്മിഗ്രേഷൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു. ഈ നിയന്ത്രണങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുന്നതാണ്.”, നേപ്പാളിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഏപ്രിൽ 28 മുതൽ മറ്റു രാജ്യങ്ങളിലേക്ക് ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്നതിനായി നേപ്പാളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ മറ്റു രാജ്യങ്ങളിലേക്ക് ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്ന ഇത്തരത്തിലുള്ള ഏതാണ്ട് പതിനാലായിരത്തോളം ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രലയത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ഇവരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രികരാണ്. ഇത്തരം യാത്രികർക്ക് RT-PCR പരിശോധനകൾ നൽകുന്ന സേവനങ്ങൾ നേപ്പാൾ നിർത്തലാക്കിയതോടെയാണ് ഇവർ യാത്ര മുടങ്ങുന്ന അവസ്ഥയിൽ തുടരേണ്ടിവരുന്നതെന്നാണ് സൂചന. നിലവിൽ നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി എംബസി അധികൃതർ നേപ്പാൾ സർക്കാരുമായി ചർച്ചകൾ നടത്തിവരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.