സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ പോസ്റ്റ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. അപരിചിതരുമായും, സ്രോതസ്സ് ഉറപ്പാക്കാത്ത സ്ഥാപനങ്ങളുമായും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്ക് വെക്കരുതെന്നും ഒമാൻ പോസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
ഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ആവശ്യപ്പെട്ടു കൊണ്ട് വരുന്ന സന്ദേശങ്ങളെക്കുറിച്ച് പ്രത്യേക ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
“പണമിടപാടുകൾ ആവശ്യപ്പെട്ടു കൊണ്ട് ഒമാൻ പോസ്റ്റ് ഒരിക്കലും ഇമെയിൽ സന്ദേശങ്ങളോ, SMS സന്ദേശങ്ങളോ, വാട്സ്ആപ്പ് പോലുള്ള ആപ്പുകളിലൂടെയുള്ള സന്ദേശങ്ങളോ, ലിങ്കുകളോ അയക്കുന്നതല്ല. അതിനാൽ ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി അപരിചിതരുമായി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഒരു കാരണവശാലും പങ്ക് വെക്കരുത്.”, ഒമാൻ പോസ്റ്റ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
“ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം https://omanpost.om/ എന്നതാണ്. ഈ വിലാസം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 100 എന്ന നമ്പറിൽ ഞങ്ങളുടെ കാൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.”, ഒമാൻ പോസ്റ്റ് കൂട്ടിച്ചേർത്തു.
ഒമാൻ പോസ്റ്റിൽ നിന്നുള്ളതെന്ന രൂപത്തിൽ വരുന്ന സന്ദേശങ്ങളുടെ കൃത്യത ഉറപ്പാക്കി മാത്രമേ പ്രതികരിക്കാവൂ എന്ന് അധികൃതർ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു.