രാജ്യത്തെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2021 സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 19-ന് വൈകീട്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അടുത്ത അധ്യയന വർഷത്തെ അവസാനത്തെ പ്രവർത്തി ദിനം 2022 ജൂലൈ 7 ആയിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ 2021 സെപ്റ്റംബർ 12 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്. വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ 2021 സെപ്റ്റംബർ 19 മുതലായിരിക്കും ആരംഭിക്കുന്നത്.
പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ഒമാൻ സുപ്രീം കമ്മിറ്റിയിൽ നിന്ന് ലഭിച്ച സാഹചര്യത്തിലാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.
2021 സെപ്റ്റംബർ 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ തീരുമാനിച്ചതായും ഇതേ യോഗത്തിന് ശേഷം സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.