യു എ ഇ: അൽ ഐനിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA

featured GCC News

അൽ ഐനിലെ അൽ സറൂജ് മേഖലയിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. SEHA-യുടെ കീഴിലുള്ള ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസിന്റെ (AHS) നേതൃത്വത്തിലാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളത്.

ഈ ഡ്രൈവ്-ത്രൂ കേന്ദ്രത്തിൽ നിന്ന് COVID-19 വാക്സിനേഷൻ സേവനങ്ങളും, COVID-19 ടെസ്റ്റുകളും നടത്താവുന്നതാണ്. മെയ് 1-നാണ് SEHA ഇക്കാര്യം അറിയിച്ചത്.

വാഹനങ്ങളിലെത്തുന്നവർക്ക് COVID-19 വാക്സിനേഷൻ/ ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നതിനായി ആരംഭിച്ചിട്ടുള്ള ഈ കേന്ദ്രത്തിൽ ആകെ 6 വരികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 2 വരികൾ COVID-19 വാക്സിനേഷൻ സേവനങ്ങൾക്കും, 4 വരികൾ PCR ടെസ്റ്റുകൾ, ലേസർ DPI ടെസ്റ്റുകൾ എന്നീ സേവനങ്ങൾക്കുമായാണ്. ഈ കേന്ദ്രത്തിൽ നിന്ന് ദിനംതോറും 200 പേർക്ക് വാക്സിനേഷൻ നൽകുന്നതിനും, 800 പേർക്ക് PCR, DPI ടെസ്റ്റുകൾ നൽകുന്നതിനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ കേന്ദ്രത്തിൽ നിന്ന്, റമദാൻ മാസത്തിൽ, ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 10 മണിമുതൽ വൈകീട്ട് 4 വരെയും, രാത്രി 8 മുതൽ രാത്രി 1 മണിവരെയും സേവനങ്ങൾ ലഭിക്കുന്നതാണ്. റമദാനിന് ശേഷം ഈ കേന്ദ്രത്തിൽ നിന്ന് ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.

ഇതോടെ അൽ ഐനിൽ AHS-ന് കീഴിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ/ ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്ന ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളുടെ എണ്ണം മൂന്നായി. അൽ ഐനിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള അൽ സറൂജിലെ കേന്ദ്രത്തിന് പുറമെ, അൽ ഹിലി, അഷരജ് എന്നിവിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഈ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ SEHA-യുടെ ആപ്പ് ഉപയോഗിച്ച് കൊണ്ട് നേടാവുന്നതാണ്. ഈ പുതിയ സേവനകേന്ദ്രം ആരംഭിച്ച സാഹചര്യത്തിൽ, SEHA-യുടെ കീഴിൽ അൽ ഐനിലെ അൽ മസൗദിയിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്ററിന്റെ പ്രവർത്തനം 2021 മെയ് 30, വെള്ളിയാഴ്ച്ച മുതൽ നിർത്തലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

COVER PHOTO: @ahsclinics