2022 നവംബർ 1 മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, 2022 നവംബർ 1 മുതൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (HIA), ദോഹ ഇന്റർനാഷണൽ എയർപോർട്ട് (DIA) എന്നീ വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾ പാതയരികുകളിൽ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എത്തുന്ന സന്ദർശകരുടെ സുരക്ഷയും, സൗകര്യവും കണക്കിലെടുത്തും, സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടുമാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ഇതോടെ ഇരു എയർപോർട്ടുകളിലും അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലെ പാതയരികുകളിലേക്ക് പ്രത്യേക അനുവാദമുള്ള വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. മൊവാസലത്തിന്റെ ടാക്സികൾ, ലിമോസിനുകൾ, ഭിന്നശേഷിക്കാരുമായെത്തുന്ന വാഹനങ്ങൾ, ഖത്തർ എയർവേസിന്റെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രികരുമായെത്തുന്ന വാഹനങ്ങൾ, ഏതാനം എയർപോർട്ട് ഷട്ടിൽ ബസുകൾ എന്നിവയ്ക്കാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക്, ഇരു എയർപോർട്ടുകളിലും, വിമാനയാത്രികരെ ഇറക്കുന്നതിനും, കയറ്റുന്നതിനും കാർ പാർക്കുകളിൽ മാത്രമായിരിക്കും അനുമതി. ഇതിനായി താഴെ പറയുന്ന പ്രകാരം പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്:
ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
- ഷോർട്ട് ടെം പാർക്കിംഗ് – പരമാവധി മുപ്പത് മിനിറ്റിന് 25 റിയാൽ. തുടർന്ന് പാർക്ക് ചെയ്യുന്ന ഓരോ 15 മിനിറ്റിനും 100 റിയാൽ വീതം ഈടാക്കുന്നതാണ്.
- ലോങ്ങ് ടെം പാർക്കിംഗ് – പരമാവധി അറുപത് മിനിറ്റിന് 25 റിയാൽ. തുടർന്ന് പാർക്ക് ചെയ്യുന്ന ഓരോ 15 മിനിറ്റിനും 100 റിയാൽ വീതം ഈടാക്കുന്നതാണ്.
കാർ പാർക്കിങ്ങിൽ നിന്ന് HIA ടെർമിനലിലേക്ക് പ്രത്യേക ഷട്ടിൽ ബസ് സർവീസ് ലഭ്യമാണ്.
ദോഹ ഇന്റർനാഷണൽ എയർപോർട്ട്
- DIA അറൈവൽ കാർ പാർക്ക് – പരമാവധി മുപ്പത് മിനിറ്റിന് 25 റിയാൽ. തുടർന്ന് പാർക്ക് ചെയ്യുന്ന ഓരോ 15 മിനിറ്റിനും 100 റിയാൽ വീതം ഈടാക്കുന്നതാണ്.