നബിദിനം: സെപ്റ്റംബർ 15-ന് പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായ് GDRFA

featured UAE

നബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു. 2024 സെപ്റ്റംബർ 13-നാണ് GDRFA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2024 സെപ്റ്റംബർ 15-ന് പൊതു അവധിയാണെന്നും ഇതിനാൽ പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്ന സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെല്ലെന്നും GDRFA വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 16 മുതൽ പുനരാരംഭിക്കുന്നതാണ്.

യു എ ഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് 2024 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള രണ്ട് മാസത്തെ കാലയളവിലാണ് പൊതുമാപ്പ് ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്.