ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നിർത്തലാക്കിയതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. നിലവിൽ ഈ ദ്വീപിലേക്ക് വരുന്ന സഞ്ചാരികൾക്ക് ബോട്ടുകളിൽ നിന്ന് ദ്വീപിൽ ഇറങ്ങുന്നതിനുള്ള അനുവാദം പിൻവലിച്ചതായും അതോറിറ്റി കൂട്ടിച്ചേർത്തു. 2021 ഫെബ്രുവരി 11, വ്യാഴാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഫെബ്രുവരി 11-നാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. COVID-19 വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
രാജ്യത്തെ പൊതു പാർക്കുകളും, ബീച്ചുകളും ഫെബ്രുവരി 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തിലാണ് ദമാനിയാത്ത് ഐലൻഡിലെ ബീച്ചിലേക്ക് സഞ്ചാരികളെ അനുവദിക്കാത്തതെന്നും അതോറിറ്റി വ്യക്തമാക്കി. ഫെബ്രുവരി 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ഈ തീരുമാനം തുടരുമെന്നും അതോറിറ്റി അറിയിച്ചു.
രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി വിവിധ വാണിജ്യ, വിനോദ മേഖലകളിലും, സാമൂഹിക രംഗത്തും നിയന്ത്രണങ്ങൾ കർശനമാക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു.