വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. COVID-19 വാക്സിനിന്റെ എല്ലാ ഡോസുകളും പൂർത്തിയാക്കിയ യാത്രികർക്കാണ് ഈ ഇളവ് അനുവദിക്കുന്നത്.
ക്വാറന്റീൻ ഇളവ് നേടുന്നതിനായി ഇവർ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുളള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് സൗദിയിൽ പ്രവേശിച്ച ശേഷം ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
താഴെ പറയുന്ന COVID-19 വാക്സിനുകളാണ് ഇതിനായി സൗദി അംഗീകരിച്ചിരിക്കുന്നത്:
- ഫൈസർ ബയോഎൻടെക്.
- മോഡർന.
- ഓക്സ്ഫോർഡ് ആസ്ട്രസെനേക.
- ജോൺസൻ ആൻഡ് ജോൺസൻ.