സൗദി: വിദേശത്ത് നിന്നെത്തുന്നവർ വാക്സിനേഷൻ സ്റ്റാറ്റസ് രജിസ്റ്റർ ചെയ്യേണ്ടതാണ്

Saudi Arabia

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ വിദേശികളും, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് നിർബന്ധമായും ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ റിപ്പോർട്ട് പ്രകാരം, വിദേശത്ത് നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവർ https://muqeem.sa/#/vaccine-registration/home എന്ന വിലാസത്തിലൂടെ മുഖീം (Muqeem) പോർട്ടലിൽ തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് രജിസ്റ്റർ ചെയ്യേണ്ടതാണെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചിരിക്കുന്നത്. വിദേശികളുടെ സൗദിയിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കുന്നതിനും, സൗദിയിലെ പ്രവേശനകവാടങ്ങളിൽ കാത്തിരിപ്പ് ഒഴിവാക്കുന്നതിനും ഈ നടപടി സഹായകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പ്രവാസികൾ, ജിസിസി പൗരന്മാർ, പുതിയ വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ രജിസ്ട്രേഷൻ നിർബന്ധമാണ്. വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനു മുൻപെങ്കിലും, തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് മുഖീം (Muqeem) പോർട്ടലിലൂടെ പൂർത്തിയാക്കണമെന്ന് ഹജ്ജ്, ഉംറ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ എൻജിനീയർ ഹിഷാം സയീദ് ഏതാനം ദിവസം മുൻപ് അറിയിച്ചിരുന്നു.

2021 സെപ്റ്റംബർ 23 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.