ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ ആരംഭിച്ചു

Kerala News

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച മുതൽ ആരംഭിച്ചു. നോർക്കയുടെ https://www.registernorkaroots.org/ എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടപടികൾ.

ഈ വെബ്‌സൈറ്റിൽ വിദേശത്തു നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി 2 വ്യത്യസ്ത രജിസ്‌ട്രേഷൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ പേജ്.

തിരികെയെത്തിക്കുന്നതിൽ മുൻഗണന ലഭിക്കുന്നവരുടെ വിവരങ്ങൾ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് മുൻഗണന.