ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക പോസ്റ്റർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ പുറത്തിറക്കി. 2022 ജൂൺ 15-നാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖത്തർ കലാകാരി ബൗതായ്ന അൽ മുഫ്തെയാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
പരമ്പരാഗത രീതിയിലുള്ള തലപ്പാവ് മുകളിലേക്ക് എറിയുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഇതിലെ പ്രധാന പോസ്റ്റർ ഖത്തറിലെയും, അറബ് ലോകത്തെയും ഫുട്ബോൾ ഭ്രമത്തിന്റെയും, ഫുട്ബോൾ ആഘോഷങ്ങളുടെയും പ്രതീകമാണ്. അറബ് ലോകത്ത് ഫുട്ബോൾ എന്ന കായികവിനോദത്തിനുള്ള പ്രാധാന്യം, ഫുട്ബാളിനോടുള്ള അഭിനിവേശം എന്നിവ ചൂണ്ടിക്കാട്ടുന്ന രീതിയിലാണ് മറ്റു ഏഴു പോസ്റ്ററുകളും രൂപകൽപന ചെയ്തിരിക്കുന്നത്.
ഖത്തറിലെ ഫുട്ബോൾ ആഘോഷങ്ങളുടെ പ്രതീകമെന്ന രീതിയിലായിക്കണം ഓരോ പോസ്റ്ററുകളുമെന്ന ദർശനത്തിലൂന്നിയാണ് അവ രൂപകൽപന ചെയ്തതെന്ന് ബൗതായ്ന അൽ മുഫ്തെ ഖത്തർ ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഖത്തറിലെ ഫുട്ബോൾ സംസ്കാരം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ഓരോ പോസ്റ്ററും തയ്യാറാക്കിയതെന്ന് അവർ കൂട്ടിച്ചേർത്തു.
പരമ്പരാഗത ശിരോവസ്ത്രങ്ങളായ ‘ഗുത്ര’, ‘ഇഗൽ’ എന്നിവ വായുവിൽ ഉയർത്തിവീശുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന പ്രധാന പോസ്റ്റർ തങ്ങളുടെ ഇഷ്ട ടീം ഗോൾ നേടുന്ന അവസരത്തിൽ ആ ആഘോഷം രേഖപ്പെടുത്തുന്ന ഫുട്ബാൾ പ്രേമിയെ സൂചിപ്പിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.