ദുബായ്: മെട്രോ പാലങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് RTA മുന്നറിയിപ്പ് നൽകി

featured GCC News

എമിറേറ്റിലെ മെട്രോ പാലങ്ങൾക്ക് കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2022 ജൂൺ 15-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മെട്രോ റെയിൽ പാലങ്ങളുടെ കീഴിലും, അവയുടെ ആർച്ചുകൾക്ക് കീഴിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതായി RTA ചൂണ്ടിക്കാട്ടി. പാർക്കിംഗ് നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള ഇത്തരം പ്രവർത്തികൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ് റെയിൽവേ പാതയുടെ മുഴുവൻ മേഖലകളിലും ഇത്തരം അനധികൃത പാർക്കിംഗ് തടയുന്നതിനുള്ള പ്രത്യേക പരിശോധനകൾ, പ്രചാരണ നടപടികൾ എന്നിവ ഉണ്ടാകുമെന്ന് RTA അറിയിച്ചിട്ടുണ്ട്. ദുബായ് മെട്രോയുടെ മൾട്ടി-ലെവൽ പാർക്കിംഗ് ഇടങ്ങളിൽ അനുവദനീയമായ സമയത്തിൽ കൂടുതൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയും നടപടികൾ ഉണ്ടാകുമെന്ന് RTA കൂട്ടിച്ചേർത്തു.

ഈ വർഷം മാത്രം ഇത്തരത്തിൽ അനധികൃതമായി പാർക്ക് ചെയ്ത 400-ഓളം വാഹനങ്ങളുടെ ഉടമകളെ, വാഹനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ട് കൊണ്ട് അധികൃതർ ബന്ധപ്പെട്ടതായും RTA വ്യക്തമാക്കി. അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനു ശേഷവും എടുത്ത് മാറ്റാത്ത വാഹനങ്ങൾ കെട്ടിവലിച്ച് മാറ്റിയതായും RTA അറിയിച്ചു. ഇത്തരത്തിൽ 17 വാഹനങ്ങൾ കെട്ടിവലിച്ച് നീക്കിയതായി RTA കൂട്ടിച്ചേർത്തു.

അനധികൃതർ പാർക്കിംഗ് ഒഴിവാക്കാനും, മെട്രോയുടെ പാർക്കിംഗ് ഇടങ്ങൾ ഉപയോഗപ്പെടുത്താനും RTA പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.