ഖരീഫ് സീസൺ: മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ

GCC News

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ ആഭ്യന്തര വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. ഇതിന്റെ ഭാഗമായി മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.

2022 ജൂൺ 19-നാണ് ഒമാൻ എയർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം 2022 ജൂൺ 23 മുതൽ സെപ്റ്റംബർ 11 വരെയുള്ള കാലയളവിൽ മസ്കറ്റ്-സലാല-മസ്കറ്റ് സെക്ടറിൽ ആഴ്ച്ചതോറും 112 വിമാനസർവീസുകൾ നടത്തുമെന്നാണ് ഒമാൻ എയർ അറിയിച്ചിരിക്കുന്നത്.

മസ്കറ്റ്-സലാല സെക്ടറിൽ വിസ്‌തൃതമായ ബോയിങ്ങ് 787 ഡ്രീംലൈനർ, എയർബസ് A330 എന്നീ വിമാനങ്ങളും, ബോയിങ്ങ് 737 വിമാനങ്ങളും ഉപയോഗിക്കുമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്. മസ്കറ്റിൽ നിന്ന് സലാലയിലേക്കും, സലാലയിൽ നിന്ന് മസ്കറ്റിലേക്കും പ്രതിദിനം എട്ട് സർവീസുകൾ വീതം ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ആദ്യ വിമാനം പുലർച്ചെ 2:05-നും, അവസാന വിമാനം രാത്രി 10-45-നും യാത്ര ആരംഭിക്കുന്ന രീതിയിലാണ് ദിനവുമുള്ള സർവീസുകൾ ഒമാൻ എയർ ഒരുക്കിയിരിക്കുന്നത്.

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് സലാലയിലേക്കും, ദോഫാർ ഗവർണറേറ്റിലേക്കും എല്ലാ വർഷവും വിനോദസഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.

Cover Image: Oman Air twitter.