ഹജ്ജ് 2022: തയ്യാറെടുപ്പുകൾ പൂർത്തിയായതായി സൗദി അധികൃതർ; തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കർമ്മപദ്ധതി പ്രഖ്യാപിച്ചു

featured GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സംബന്ധിച്ചും, തയ്യാറെടുപ്പുകൾ സംബന്ധിച്ചും സൗദി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രഖ്യാപനം നടത്തി. 2022 ജൂൺ 19-ന് വൈകീട്ടാണ് സൗദി അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും, ഒരു ദശലക്ഷം തീർത്ഥാടകരെ സ്വീകരിക്കാൻ അധികൃതർ ഒരുങ്ങിയതായും ജനറൽ പ്രസിഡൻസി വ്യക്തമാക്കി. തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി പതിനായിരത്തോളം ജീവനക്കാർ തയ്യാറാണെന്നും അധികൃതർ അറിയിച്ചു.

2022 ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി ആരംഭിക്കുന്നതായി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് വ്യക്തമാക്കി. സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി തൗഫീഖ് അൽ റാബിയ, ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അബ്ദുള്ള അൽ ബസ്സാമി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായും, വിവിധ വകുപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു. ഹജ്ജ് തീർത്ഥാടനം സുഗമമായും, ഏറ്റവും മികച്ച രീതിയിലും നിർവഹിക്കുന്നതിന് ആവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും, ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഓരോ നിമിഷവും വിശകലനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി സ്മാർട്ട് സംവിധാനങ്ങൾ, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ എന്നിവ പ്രയോജപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. ഗ്രാൻഡ് മോസ്കിൽ ദിനവും സംസം ജലത്തിന്റെ 3 ദശലക്ഷം കുപ്പികൾ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും, മറ്റു വിശുദ്ധ ഇടങ്ങളിൽ പ്രതിദിനം ഒരു ദശലക്ഷം കുപ്പികൾ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായമായവർക്കും, ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും സഞ്ചരിക്കുന്നതിനായി 2000 ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറഫ പ്രഭാഷണം 10 വ്യത്യസ്ത ഭാഷകളിലേക്ക് തർജ്ജമ ചെയ്ത് നൽകുന്ന സേവനം ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.