രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു. COVID-19 വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2021 നവംബർ 16-നാണ് ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
കൊറോണ വൈറസ് സാഹചര്യത്തിൽ രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന സ്ഥിരത നിലനിർത്തുന്നതിനും, ആഗോള തലത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷവുമാണ് ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നതെന്ന് മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് വ്യക്തമാക്കി. പൊതു സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ മുൻനിർത്തി അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഇത്തരം ആഘോഷങ്ങളിൽ ഉണ്ടാകാനിടയുള്ള ആൾക്കൂട്ടം രോഗവ്യാപനത്തിനിടയാക്കാമെന്നത് കണക്കിലെടുത്താണ് ഈ വിലക്കെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി തുടരാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു.