രാജ്യത്തേക്ക് പ്രവേശിക്കുന്ന പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ പ്രവർത്തകർക്ക് നിർബന്ധമാക്കിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ജൂലൈ 16-ന് ഒമാൻ CAA പുറത്തിറക്കിയിട്ടുണ്ട്.
ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ഡോക്ടർ, നേഴ്സ്, ലാബ് ടെക്നിഷ്യൻ, എക്സ്-റേ ടെക്നിഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി ആരോഗ്യ പരിചരണ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും, ഇവരോടോപ്പമുള്ള കുടുംബാംഗങ്ങൾക്കും ഒമാനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുമെന്നാണ് CAA അറിയിച്ചിട്ടുള്ളത്.
എന്നാൽ ഇവർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിന് പകരം ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് CAA വ്യക്തമാക്കിയിട്ടുണ്ട്. ഹോം ക്വാറന്റീനിൽ തുടരുന്ന കാലയളവിൽ ഇവർ കൈകളിൽ ട്രാക്കിംഗ് ബ്രേസ്ലെറ്റ് ധരിക്കേണ്ടതാണ്. ഈ തീരുമാനം ജൂലൈ 16 മുതൽ പ്രാബല്യത്തിൽ വന്നതായി CAA അറിയിച്ചിട്ടുണ്ട്.