ഒമാൻ: ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി CAA

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2024 ഏപ്രിൽ 13-ന് വൈകീട്ടാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഈ CAA അറിയിപ്പ് പങ്ക് വെച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും ഹജാർ മലനിരകളുടെ സമീപ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി അൽ ദാഖിലിയ, മസ്കറ്റ്, നോർത്ത് അൽ ശർഖിയ, അൽ ദാഹിറാഹ് ഗവർണറേറ്റുകളിൽ ശക്തമായ മഴ അനുഭവപ്പെടുന്നതാണ്.

ഏപ്രിൽ 14, ഞായറാഴ്‌ച ഉച്ച മുതൽ രാത്രി 10 മണിവരെ ഈ മേഖലകളിൽ ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവ ഉണ്ടാകാനിടയുണ്ട്. ഈ മേഖലകളിലെ താഴ്വരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം, വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് എന്നിവയ്ക്ക് സാധ്യതയുണ്ട്.

ഒമാൻ CAA നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം ഏതാനം മേഖലകളിൽ പത്ത് മുതൽ മുപ്പത് മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകളിൽ ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും, താഴ്വരകളിൽ നിന്നും വിട്ടുനിൽക്കാൻ ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും, താഴ്വരകൾ വാഹനങ്ങളിൽ മുറിച്ച് കടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഏപ്രിൽ 14, ഞായറാഴ്ച മുതൽ ഏപ്രിൽ 17, ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.