ഒമാൻ: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കരുതെന്ന് CDAA മുന്നറിയിപ്പ് നൽകി

GCC News

രാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2023 ഒക്ടോബർ 26-ന് രാത്രിയാണ് CDAA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ റോഡിൽ ജാഗ്രത പാലിക്കാനും, റോഡ് നിയമങ്ങൾ പാലിച്ച് കൊണ്ട് സുരക്ഷിതമായി വാഹനങ്ങൾ ഡ്രൈവ് ചെയ്യാനും CDAA ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒമാനിൽ വടക്കൻ ഗവർണറേറ്റുകളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും, ഇത് ഈ മേഖലകളിലെ താഴ്വരകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്കിന് കാരണമാകുമെന്നും CDAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴമൂലം താഴ്‌വരകളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിനുള്ള സാധ്യത മുൻനിർത്തി വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള താഴ്‌വരകൾ ഒഴിവാക്കാൻ CDAA നിർദ്ദേശിച്ചിട്ടുണ്ട്.

താഴ്‌വരകൾ, താഴ്‌വരകളിലൂടെ ഒഴുകുന്ന നീർച്ചാലുകൾ എന്നിവ മുറിച്ച് കടക്കരുതെന്ന് ഡ്രൈവർമാർക്ക് CDAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ CDAA പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചിട്ടുണ്ട്.

Cover Image: @CDAA_OMAN.