എക്സ്പോ 2020 ദുബായ്: ഒമാൻ പവലിയനിൽ പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

GCC News

രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒമാൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, ഒമാൻ ഭരണാധികാരിയുടെ പ്രത്യേക പ്രതിനിധിയുമായ H.H. സയ്യിദ് ആസാദ് ബിൻ താരിഖ് അൽ സൈദ് ഈ ആഘോഷപരിപാടികളിൽ പങ്കെടുത്തു.

അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യു എ ഇയിലെ ഒമാൻ എംബസി സംഘടിപ്പിച്ച പ്രത്യേക ആഘോഷ പരിപാടികളിൽ യു എ ഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് വകുപ്പ് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പങ്ക് ചേർന്നു. ഈ അവസരത്തിൽ അദ്ദേഹം ഒമാൻ ഭരണാധികാരിക്കും, ജനങ്ങൾക്കും ആശംസകൾ അറിയിച്ചു.

എക്സ്പോ 2020 ദുബായ് വേദിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി യു എ ഇയിലെത്തിയ H.H. സയ്യിദ് ആസാദ് ബിൻ താരിഖ് അൽ സൈദിനെ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് സ്വീകരിച്ചിരുന്നു.

എക്സ്പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ പവലിയൻ രൂപകല്പന ചെയ്തിരിക്കുന്നത്.

ഒമാൻ പവലിയനിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഒമാൻ റോയൽ നേവിയുടെ ശബാബ് II എന്ന കപ്പൽ നേരത്തെ ദുബായ് ഹാർബറിൽ നങ്കൂരമിട്ടിരുന്നു. ഈ കപ്പൽ ജി സി സി രാജ്യങ്ങളിലൂടെ പര്യടനം നടത്തിവരികയാണ്.

അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 18, വ്യാഴാഴ്ച്ച ഒമാനിൽ ഗംഭീരമായ വെടിക്കെട്ട്, മിലിറ്ററി പരേഡ് എന്നിവ അരങ്ങേറിയിരുന്നു.

Prepared with inputs from WAM.