കുവൈറ്റ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി പതാകകൾ പകുതി താഴ്ത്തി കെട്ടുന്നതിനും, പൊതു സ്വകാര്യ മേഖലകളിലെ പ്രവർത്തനം മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ദുഃഖാചരണത്തിന്റെ ഭാഗമായി ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 30, ബുധനാഴ്ച്ച മുതൽ നിർത്തിവെക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഒക്ടോബർ 4, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതാണ്.
കുവൈറ്റ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സെപ്റ്റംബർ 29-നാണ് അന്തരിച്ചത്. 91 വയസ്സായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടർന്ന് 2020 ജൂലൈ മാസം മുതൽ അദ്ദേഹം ചികിത്സായിലായിരുന്നു.